Saturday 12 May 2007

വെറുതേ. ഒരു മനസ്സമാധാനത്തിന് !

കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് മാസം.നല്ലൊരു വെള്ളിയാഴ്ച..

ഇനി നാളെ പണിയ്ക്കുപോവണ്ടല്ലോ എന്നു വിചാരിച്ച് കഞ്ഞീം കുടിച്ച് മൂടിപ്പുതച്ച് കിടന്നുറങ്ങുകയായിരുന്നു.പുതുതായി മേടിച്ച കമ്പ്യൂട്ടറും നോക്കിയിരിക്കയായിരുന്നു അംബി. അന്നവന്റെ പേരു വെറും മധു എന്നായിരുന്നു.
പെട്ടന്നുള്ളൊരു പൊട്ടിച്ചിരി കേട്ടാണ് ഞാനുണര്‍ന്ന‍ത്.
എന്തോന്നാടാ പാതിരായ്ക് എന്ന എന്റെ ചോദ്യത്തിന് ഇതൊന്നു വായിച്ചു നോക്കടാ എന്നായിരുന്നു അവന്റെ മറുപടി.
വായിച്ചാല്‍ ഞാന്‍ ചിരിച്ചു ചിരിച്ച് മരിക്കുമത്രെ!

പിന്നേ, ബഷീറു കഴിഞ്ഞാല്‍ ഏറ്റവും നന്നായി എഴുതുന്ന എന്നോടാണോടാ നീ ഈ പറയുന്നേ എന്നു ചോദിച്ച് ഞാന്‍ തിരിഞ്ഞു കിടന്നു.

"പോത്തു പോലെ കിടന്നുറങ്ങാതെ നീ ഇതൊന്നു വായിച്ചു നോക്ക്. നീയൊന്നും വക്കാരിമഷ്ടയുടെ ഏഴയലത്തു വരില്ല."

"ഏന്തോന്ന്?" എന്നു ചോദിച്ചു കൊണ്ട് ഞാന്‍ എണീറ്റിരുന്നു.
"വക്കരിമഷ്ട ! ഒരു ബ്ലൊഗ്ഗെറുടെ പേരാ. എന്തൊരു എഴുത്താണെന്നു നോക്ക്."അവന്‍ നിര്‍ബന്ധിച്ചു.
"വായിക്കാനൊന്നും വയ്യ. നീ വയിച്ചാല്‍ കേള്‍ക്കാം."
മനസ്സില്ലാ മനസ്സോടെ അടുക്കളയില്‍ പോയി ഒരു ചായ ഉണ്ടാക്കിവന്ന് കസേരയില്‍ അലസമായിരുന്ന് കേള്‍ക്കാന്‍ തുടങ്ങി.
വക്കാരിയുടെ " ഉദയ സൂര്യന്റെ നാട്ടില്‍."

അങ്ങനെ അന്ന് ബഷീറും വക്കാരിയും കഴിഞ്ഞാല്‍ ഏറ്റവും നന്നായി എഴുതുന്നയാള്‍ ചിരിച്ചു ചിരിച്ച് സുഖമായി ഉറങ്ങി. രാവിലെ നാലു മണിക്ക്.

എന്തായാലും അന്നുതൊട്ട് അവന്‍ ബ്ലൊഗ് വായിക്കുകയും ഞാന്‍ കേള്‍ക്കുകയും ഒരു പതിവായി.

സെപ്റ്റബര്‍ മാസം ഒരു വെള്ളിഴായ്ച്ച രാത്രി.
പിറ്റേന്ന് അലാറം വെച്ചെഴുന്നേക്കണ്ടാലോ എന്നു സമാധാനിച്ച് അന്നത്തെ ബ്ലൊഗ് ശ്രവണവും കഞ്ഞി കുടിയും കഴിഞ്ഞ് മൂടിപ്പുതച്ച് ഉറങ്ങുകയായിരുന്നു.
അട്ടഹാസം കേട്ടിട്ടാണു ഞെട്ടിയുണര്‍ന്നത്.
"എന്താടാ വക്കാരി പുതിയതു വല്ലൊം ഇറക്കിയോ?"
"ഇതു വേറൊരു പുലിയാടാ. വേണേ വന്നു നോക്ക്."

വേണമല്ലോ.

വിശാലമനസ്കനായിരുന്നു താരം.
ബ്ലൊഗ് "കൊടകര പുരാണം."

പിന്നതാ വരുന്നു വാക്കിങ് എന്‍സൈക്ലോപീഡിയാ ദേവരാഗമെന്ന ദേവേട്ടന്‍....
അങ്ങനെ ദിവസങ്ങള്‍ പോവുന്തോറും ബഷീറിനും എനിക്കുമിടയിലുള്ള പട്ടിക നീണ്ടു നീണ്ട് വരാന്‍ തുടങ്ങി.

എന്നാലും സ്വന്തമായി ബ്ലൊഗ് ചെയ്യണം എന്നൊരു തൊന്നല്‍ എനിക്കുണ്ടായതേയില്ല. രണ്ടു പേരും കൂടിയിരുന്നു ബ്ലൊഗ് വായിക്കും . അവന്‍ കമന്റിടും.അവന്‍ ഇടക്കിടെ ബ്ലൊഗ് പൊസ്റ്റ് ചെയ്യും.അതിന്നുള്ള കമന്‍സ് ഒരുമിച്ചു വായിക്കും.

അങ്ങനേ ഇരിക്കുമ്പോള്‍ അവന്‍ ചോദിക്കും
"ഇതിനെന്തു മറുപടിയാടാ കൊടുക്കേണ്ടത്?"
"എന്താടാ പ്രശ്നം?"
"എഴുതി വെച്ചിരിക്കുന്നതു കണ്ടില്ലേ?"
"ക്യാ ബാത്ത് ഹേ? വാട്ട് സ് ദ പ്രോബ്ലം?"

അന്നേരം മുതല്‍ ഒരു നീണ്ട ചര്‍ച്ച തുടങ്ങുകയായി.അവസാനം കിട്ടുന്ന ഉത്തരവും അവന്റെ ഭാഷയും ചേര്‍ത്ത് അവന്‍ തല്ലു കൂടുകയായി.

അങ്ങനെ പണികഴിഞ്ഞു വന്നാല്‍ ബ്ലൊഗ് വായിക്കുക പതിവായി.
നല്ല നല്ല കഥകള്‍, കവിതകള്‍, ലേഖനങ്ങള്‍‍, യാത്രാ വിവരണങ്ങള്‍, ശാസ്ത്ര ലേഖനങ്ങള്‍ എന്നു വേണ്ടാ എല്ലാം.

അങ്ങനെ സ്വസ്ഥമായി ജീവിച്ചു വരുമ്പോഴാണു ഒരു സുപ്രഭാതത്തില്‍ അതു സംഭവിക്കുന്നത്.

എന്ത്?

എനിക്കും ബ്ലൊഗ് ചെയ്യണമെന്നുള്ള മോഹം !

"ഈ ബ്ലൊഗ്ഗിങ്ങ് ഇനി വരുന്ന കാലത്ത് ഒരു റെവലൂഷന്‍ തന്നെ ഉണ്ടാക്കും. ഇതു നാളത്തെ ലോകത്തിന്റെ മാധ്യമമാണ്. ആര്‍ക്കും സ്വന്തമായി പത്രം തുടങ്ങാം. ആരോടും ഉടന്‍ തന്നെ അഭിപ്രായം പറയം. സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്താം. ഇതൊരു വന്‍ സംഭവമാണ്."
അംബിയുടെ ഇങ്ങനെയുള്ള പ്രസ്താവനകളൊന്നും എന്റെ മനസ്സില്‍ യാതൊരു ചലനവും ഉണ്ടാക്കിയില്ല.

പക്ഷേ കുറച്ചു ദിവസങ്ങളായി എന്തോ എനിക്കൊരു അസ്വസ്ഥത. അവന് ആരൊക്കെയോ ഇ മെയില്‍ അയക്കുന്നു, ചാറ്റ് ചെയ്യുന്നു. ഒരുപാടു പുതിയ സുഹ്രുത്തുക്കള്‍, പരിചയക്കാര്‍, ചേട്ടന്മാര്‍, ചേച്ചിമാര്‍.

അതിലൂടെ പോകുമ്പോള്‍ ആരോടാടാ കത്തി എന്നു ചൊദിച്ചാല്‍ ഒരു ബ്ലൊഗ്ഗെറാണെന്നു മാത്രമായിരിക്കും ഉത്തരം. .

ഓ നമ്മളാരുമല്ലല്ലോ.

ഒന്നു വിളിച്ചാല്‍ ലോകത്തിന്റെ ഏതു കോണിലും ഒരു മലയാളിയെങ്കിലും വിളി കേള്‍ക്കും.

ഇനി നിങ്ങളെല്ലാവരും കുടി ഒരു സമ്മേളനം നടത്തുന്നൂ എന്നു കരുതുക. ഇവന്റെ കൂട്ടുകാരനായതുകൊണ്ടു ഞാനും അവിടെ വന്നു എന്നിരിക്കട്ടെ.
"താങ്കളുടെ ബ്ലൊഗ്ഗിന്റെ പേരെന്താ" എന്നാരെങ്കിലും ചോദിച്ചാല്‍ ഞാനെന്തു പറയും?പൂച്ചെക്കെന്താ പൊന്നുരുക്കുന്നടുത്തു കാര്യം എന്നു നിങ്ങള്‍ വിചാരിക്കില്ലേ? എവന്‍ ഏതു യുഗത്തിലാണ് ജീവിക്കുന്നതെന്നു പറയില്ലേ?

അതൊക്കെ പോട്ടെന്നു വക്കാം. മഹാത്മാഗാഡിക്കു ബ്ലൊഗ്ഗുണ്ടായിരുന്നോ?

ഇനി അംബി പറഞ്ഞപോലെ ഈ ബ്ലൊഗ്ഗിങ് എങ്ങാനും ഒരു വന്‍ സംഭവമായി എന്നു കരുതുക.വലിയ സമൂഹ്യ പരിഷ്കരണങ്ങളും ഇതുവഴി സംഭവിച്ചു എന്നിരിക്കട്ടെ. എന്തായിരിക്കും സ്ഥിതി?സര്‍ക്കാരു വല്ലോം തീരുമാനിച്ചു ബ്ലൊഗ്ഗിലെ പ്രമുഖര്‍ക്കു വല്ല അവാര്‍ഡോ സ്ഥാനമാനങ്ങളോകൊടുത്താലോ?

ബ്ലൊഗ്ഗു ചെയ്തുകൊണ്ടിരുന്ന അംബിക്കു ഊര്‍ജ്ജവും പ്രോത്സാഹനവും കൊടുക്കാന്‍ ഞാന്‍ ചായയും കഞ്ഞിയും മറ്റും വച്ചു കൊടുത്തത് ഈ സര്‍ക്കാരു കാണുമോ?
സ്വാതന്ത്ര്യ സമര പെന്‍ഷന്‍ കിട്ടാന്‍ നിങ്ങള്‍ ജയിലില്‍ കിടന്നതിനു വല്ല തെളിവുമുണ്ടോ എന്നു പണ്ട് ആരൊ ആരോടോ ചോദിച്ച പോലാകില്ലേ?
കുടുംബ ചരിത്രം പരിശോധിക്കുമ്പോള്‍ എന്റെ കൊച്ചുമക്കള്‍ എന്തു വിചാരിക്കും? അപ്പൂപ്പന്‍ അന്നു മാങ്ങാ പറിക്കാന്‍ പോയിരുന്നോ എന്നു ചോദിക്കില്ലേ?

അതും പോകട്ടെ. ഇനി ഈ ബ്ലൊഗ്ഗിലെഴുതി വിടുന്നതിനു ഈ അംബിക്കു തന്നെ വല്ല ബുക്കര്‍ പ്രൈസോ , അല്ലാ സാക്ഷാല്‍ നോബല്‍ സമ്മാനമോ തന്നെ കിട്ടിയാലോ?പേരും പ്രശസ്തിയും പോട്ടേ എന്നു വക്കാം. കിട്ടുന്ന കാശിന്റെ പകുതീടെ പകുതിയെങ്കിലും ഇവനെനിക്കു തരുമെന്ന് ആര്‍ക്കെങ്കിലും തോന്നുന്നുണ്ടോ?

ഈ ചിന്തകളെല്ലാം ഏതു നേരത്ത് എന്തിനു വന്നു തലമണ്ടേ കേറീന്നറിയില്ല.
എന്തായാലും അന്നുമുതലെനിക്കു ശരിക്കുറക്കവുമില്ല സമാധാനവുമില്ല.

അതുകൊണ്ടു ഞാനും ബ്ലൊഗ്ഗു ചെയ്യാന്‍ തീരുമാനിച്ചു.

വെറുതേ. ഒരു മനസ്സമാധാനത്തിന് !

26 comments:

ഗൗരീ പ്രസാദ് said...

എന്തായാലും അന്നുമുതലെനിക്കു ശരിക്കുറക്കവുമില്ല സമാധാനവുമില്ല.

അതുകൊണ്ടു ഞാനും ബ്ലൊഗ്ഗു ചെയ്യാന്‍ തീരുമാനിച്ചു.

വെറുതേ. ഒരു മനസ്സമാധാനത്തിന് !

ബീരാന്‍ കുട്ടി said...

ദുഫായിലെ അടി പാര്‍സലായി നട്ടി കിട്ടാന ഞമ്മള്‍ ഒരു ബ്ലൊഗ്‌ തോടങ്ങീത്‌ മോനെ. അതിന്റെ ഗതി അ...

ന്നാലും ഇജി അള്‌ കൊള്ളാട്ടാ... നന്നായി ഇങ്ങനെ തനെ എഴ്‌തിലെങ്കില്‍ അനക്ക്‌ കൊള്ളും.

വെല്‍ക്കം ബാക്ക്‌ റ്റു ബ്ലൊഗ്‌. ഗൗരിക്കും ഒപ്പം ബ്ലൊഗിനും.

വെറുതേ. ഒരു മനസ്സമാധാനത്തിന് !

സാജന്‍| SAJAN said...

അയ്യയ്യോ.. നമ്മടെ അംബീടെ തമ്പീയാണോ(ബ്ലോഗില്‍) അപ്പൊ ആള് ചില്ലറക്കാരനല്ലല്ലോ...
ഒരു കുഞ്ഞു പ്രജയുടെ സ്വാഗതമുണ്ടേ..
എഴുത്തിന്റെ ശൈല്യും കലക്കന്‍:)
ഗൌരിയും.. വൂള്‍വെര്‍ഹാമ്പ്ടണീല്‍ ആണോ താമസം!!!

myexperimentsandme said...

“നല്ലവനാ”

പിന്നല്ലാതെ... ശരിക്കും നല്ലവന്‍.

തുടക്കം ഗൌതം ഗംഭീരന്‍ (ഇന്നലെ സെഞ്ച്വറിയടിച്ചതേ ഉള്ളൂ)ആയീ എന്ന് പ്രത്യേകം പറയേണ്ടല്ലോ.

കാളയം‌ബിയുമായി വല്ല വിദൂരശ്ചായയുമുണ്ടെങ്കില്‍ ഏവൂരാന്‍ കുട്ടിക്യൂറയുടെ ചരിത്രവും തപ്പി നടക്കുന്നുണ്ട്. കോണ്‍‌ടാക്റ്റ് ചെയ്യാന്‍ പറയാം :)

(തല്ലുമ്പോള്‍ അംബി ഇടത്തുനിന്ന് ഇരുപത് സെന്റീമീറ്റര്‍ മാറിയും ഏവൂരാന്‍ വലത്തുനിന്ന് അമ്പത് സെന്റീമീറ്റര്‍ മാറിയും നിന്ന് തല്ലേണ്ടതാണ്. ഏവൂരാന്‍ തല്ലുമ്പോള്‍ അംബി കൈയ്യും കെട്ടി നില്‍ക്കണം, തിരിച്ചും)

അപ്പോള്‍ സ്വാഗതം.

chithrakaran ചിത്രകാരന്‍ said...

അതേതായാലും നന്നായി. ഞാന്‍ എങ്ങിനെ ബ്ലൊഗറായി ....

qw_er_ty

ഗുപ്തന്‍ said...

കൊള്ളാം നല്ല രംഗപ്രവേശം....
ആശംസകള്‍...

പൊന്നപ്പന്‍ - the Alien said...

അതേ.. ഗൌരീ പാത്രക്കരിക്കേ..
“മഹാത്മാഗാഡിക്കു ബ്ലൊഗ്ഗുണ്ടായിരുന്നോ?“ എന്ന ചോദ്യം എന്റെ നെഞ്ജത്തു കൊണ്ടു. മണിക്കൂറുകളോളം അതെന്നെ ചിന്തിപ്പിച്ചു..

ചോദിക്കാതിരിക്കാനാവുന്നില്ല..

“മഹാത്മാ ഗഡി“യെന്നാരിക്കും അല്ലേ ഉദ്ദേശിച്ചിട്ടുണ്ടാവുക.. അതോ “മഹാത്മാ ഡാഡി“യെന്നോ..? (രാഷ്ട്രപിതാവിനെ മഹാത്മാ ഡാഡിയെന്നു വിളിക്കുന്നോണ്ട് കുഴപ്പമൊന്നുമില്ലല്ലോ..)
ഇനി മഹാത്മാ ഗാഡി എന്നു സിമ്പോളിക്കായിട്ടു പറഞ്ഞതാവ്വോ?
ആലോചിച്ചിട്ട് ഒരു സമാധാനവുമില്ല.

Unknown said...

ബൂലോഗത്തേക്കു സ്വാഗതം.

Pramod.KM said...

നന്നായി.ആശംസകള്‍!
qw_er_ty

തറവാടി said...

swaagatham :)

Siju | സിജു said...

അംബിയുടെ പിന്നിലെ ബുദ്ധികേന്ദ്രം താങ്കളായിരുന്നല്ലേ..
അപ്പോ ഭാവിയില്‍ ബ്ലോക്കാര്‍ പ്രൈസ് കിട്ടുമ്പോള്‍ സ്വാഗതം പറഞ്ഞവര്‍ക്ക് വീതിച്ചു കൊടുക്കേണ്ടതാണ്
സ്വാഗത്..

sandoz said...

സ്വാഗതം.
qw_er_ty

RR said...

കൊള്ളാം നല്ല തുടക്കം.

പൊന്നപ്പാ :)

qw_er_ty

Kiranz..!! said...

സ്വാഗതം ഗൌരീ..അമ്പിയെന്തായാലും കൈവിട്ട് പോയി ,സ്വന്തമായി ഒരു തുണ്ട് സ്ഥലം തുടങ്ങിവച്ചതിനു കങ്കാരുലേഷന്‍സ്..ഒരു ഹിടുംബന്‍ ബ്ലോഗറായി വളരട്ടെ..!

ഗൗരീ പ്രസാദ് said...

എല്ലാവര്‍ക്കും നന്ദി.
സാജന്‍ജീ, വോള്‍വെര്‍ഹാമ്പ്ടണീല്‍ തന്നെ താമസം. അംബീടെ ഫ്ലാറ്റില്‍. തൊട്ടടുത്ത മുറിയില്‍.
വക്കാരി, അംബി എടുത്ത എന്റെ ഒരു പടം പ്രൊഫൈലില്‍ ഇടുന്നുണ്ട് :)

പൊന്നപ്പാ, അക്ഷരത്തെറ്റ് കൃത്യം കണ്ടുപിടിച്ചല്ലോ:) ഉറക്കപിച്ചയില്‍ പറ്റിയതാണു.
സിജൂ, ബുക്കര്‍ അല്ല ഏതു സമ്മാനം കിട്ടിയാലും തുല്ല്യമായി വീതിക്കാം :)

ദേവന്‍ said...

ഒരുപാട് കാലത്തിനു ശേഷമാണെന്നു തോന്നുന്നു ഒരു സ്വാഗതം പറയുന്നത്! (ആദ്യമൊക്കെ ആരു ബ്ലോഗു തുടങ്ങിയാലും പറയുമായിരുന്നു. ബൂലോഗം അങ്ങോട്ട് വളര്‍ന്നപ്പോള്‍ എല്ലാവരെയും കാണാന്‍ പറ്റാതെയായി, പിന്മൊഴിയില്‍ പോകുന്ന സമയത്ത് കാണുന്നവര്‍ക്കു മാത്രം സ്വാഗതം പറയാന്‍ തുടങ്ങി. അതു പാരയായി- അമേരിക്കയിലും ഗള്‍ഫിലുമുള്ളവര്‍ക്കേ സ്വാഗതം പറയുമോ ? കേരളത്തിലെ ബ്ലോഗര്‍മാര്‍ എന്താ രണ്ടാം കെട്ടോ? വടക്കന്‍ കേരളക്കാരെ മനപ്പൂര്‍വ്വം ഒഴിവാക്കുന്നോ? ബാംഗളൂര്‍ക്കാരെ ചെന്നെക്കാരെവച്ചു നോക്കുമ്പോള്‍ താഴ്ത്തിക്കാണുന്നുണ്ടല്ലേ? എന്നൊക്കെ പരാതിക്കത്ത് വരാന്‍ തുടങ്ങിയപ്പോള്‍ സ്വാഗതം മൊത്തമായി നിര്‍ത്തിയതായിരുന്നു.)

ഗൌരിപ്രസാദിനു സ്വാഗതം. അപ്പോ റൂം മേറ്റുകള്‍ ബ്ലോഗെഴുതി തല്ലി അവസാനം രണ്ടു ഫ്ലാറ്റിലാകരുതു കേട്ടോ!

ഗൗരീ പ്രസാദ് said...

ദേവേട്ടാ, അവന്‍ എന്നെ തല്ലികൊന്നാലും അവന്‍ ‍എനിക്കു തരാനുള്ള കാശു തരാതെ ഞാനെങും പോവില്ലാ:) (ചൂമ്മാ:) )

മൂര്‍ത്തി said...

സ്വാഗതം..ആശംസകള്‍
qw_er_ty

കാളിയമ്പി said...

അമ്മച്യാണേ സത്യം ഈ പറഞ്ഞിരിയ്ക്കുന്നതെല്ലാം നൊണയാണേ..ആരും വിശ്വസിയ്ക്കരുതേ..
അവനെനിയ്ക്ക് ശ്ശെ ഞാനവന് കാശു കൊടുക്കാനുണ്ടെന്ന് പറഞ്ഞതും ഭയങ്കര കള്ളം..ഹൊ മനുഷ്യനിങ്ങനേം കള്ളം പറയുമോ?

സാജയണ്ണാ ലിവന്‍ തമ്പിയല്ല അപ്പൂപ്പന്‍..കുറേ വയസ്സും പ്രായമൊക്കെയായി..പിന്നെ ഞാനായതുകൊണ്ട് സഹിയ്ക്കുന്നു..കൊണ്ടു നടക്കുന്നു.. ഒരുമിച്ച് പശുവിനെ വാങ്ങി, ഒരുമിച്ച് ഉരുവില്‍ കയറി,.ങാ അതൊക്കെ ഒരു കഥകള്‍..

കിരണ്‍സേ..നീയുമോ..എങ്കില്‍ ഞാന്‍ വീണു..(ബൂലോകകുലുക്കം ഉണ്ടാവുന്നു..)

സിജൂ ഇവന്‍ ബുദ്ധികേന്ദ്രമൊന്നുമല്ല ബുദ്ധിയില്ലാ കേന്ദ്രമാണ്..ദേവേട്ടന്‍ പറഞ്ഞ പോലൊരു തുണ്ട്..:)

സാജന്‍| SAJAN said...

അമ്പി പറഞ്ഞതൊക്കെ സത്യാണെങ്കില്‍.. ഏറ്റു അമ്പിക്കൊരു പാര ആവുന്നതിനു മുമ്പു വിമര്‍ശന കമന്റുകള്‍ എഴുതി.. നമുക്ക് ഇദ്ദേഹത്തെ മുളയിലേ നുള്ളാം.. അല്ലെങ്കില്‍ വര്‍മ്മമാരെ വിളിപ്പിക്കാം..
ഹ ഹ നമ്മോടാ കളി!!
എന്താന്നു വേണോന്നു പെട്ടെന്നു പറഞോ അമ്പി!!

ദിവാസ്വപ്നം said...

ഹ ഹ

അതു രസമായിട്ടുണ്ട്. നല്ല intro

സ്വാഗതം മാഷേ

വിഷ്ണു പ്രസാദ് said...

അംബിയുടെ ചങ്ങാതിക്ക് ബൂലോകത്തേക്ക് സ്വാഗതം.എഴുത്ത് കൊള്ളാം.

ഉണ്ണിക്കുട്ടന്‍ said...

തുടക്കം ഞെരിപ്പന്‍!!

ഭാവിയില്‍ ബ്ലോഗുള്ള എല്ലവര്‍ക്കും സര്‍ക്കാരെങ്ങാന്‍ ബിരിയാണി വിതരണം നടത്തിയാലോ എന്നോര്‍ത്താണ്‌ ഞാന്‍ ബ്ലോഗ്ഗ് തുടങ്ങീത്..(ചുമ്മാ)

Dinkan-ഡിങ്കന്‍ said...

അതുകൊണ്ടു ഞാനും ബ്ലൊഗ്ഗു ചെയ്യാന്‍ തീരുമാനിച്ചു.
വെറുതേ. ഒരു മനസ്സമാധാനത്തിന്

ഇനി ഡിങ്കന്റെ മനസമാധാനം കളയോ?

സ്വാഗതം :)

Cartoonist said...

ഗൌര്യേയ്,

അസ്സല്‍ എഴുത്ത് !
1-1-2008 മുതല്‍ അംബീം കലേഷും മെലോഡിയസ്സും ഈ 126 കി.ഗ്രാനും ചേര്‍ന്ന് ഒരു തടികുറക്കല്‍ യജ്ഞം www.kumbalanga.blogspot.com ഇല്‍ നടത്തുന്നുണ്ട്.ഒപ്പം കൂടുന്നൊ ?

കൂടുതല്‍ വാര്‍ത്തകള്‍, ചിത്രങ്ങള്‍ ബ്ലോഗില്‍..

സജ്ജീവ്

jigZ said...

Santhosham...! :-) nalla Faasha!