Saturday 12 May 2007

വെറുതേ. ഒരു മനസ്സമാധാനത്തിന് !

കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് മാസം.നല്ലൊരു വെള്ളിയാഴ്ച..

ഇനി നാളെ പണിയ്ക്കുപോവണ്ടല്ലോ എന്നു വിചാരിച്ച് കഞ്ഞീം കുടിച്ച് മൂടിപ്പുതച്ച് കിടന്നുറങ്ങുകയായിരുന്നു.പുതുതായി മേടിച്ച കമ്പ്യൂട്ടറും നോക്കിയിരിക്കയായിരുന്നു അംബി. അന്നവന്റെ പേരു വെറും മധു എന്നായിരുന്നു.
പെട്ടന്നുള്ളൊരു പൊട്ടിച്ചിരി കേട്ടാണ് ഞാനുണര്‍ന്ന‍ത്.
എന്തോന്നാടാ പാതിരായ്ക് എന്ന എന്റെ ചോദ്യത്തിന് ഇതൊന്നു വായിച്ചു നോക്കടാ എന്നായിരുന്നു അവന്റെ മറുപടി.
വായിച്ചാല്‍ ഞാന്‍ ചിരിച്ചു ചിരിച്ച് മരിക്കുമത്രെ!

പിന്നേ, ബഷീറു കഴിഞ്ഞാല്‍ ഏറ്റവും നന്നായി എഴുതുന്ന എന്നോടാണോടാ നീ ഈ പറയുന്നേ എന്നു ചോദിച്ച് ഞാന്‍ തിരിഞ്ഞു കിടന്നു.

"പോത്തു പോലെ കിടന്നുറങ്ങാതെ നീ ഇതൊന്നു വായിച്ചു നോക്ക്. നീയൊന്നും വക്കാരിമഷ്ടയുടെ ഏഴയലത്തു വരില്ല."

"ഏന്തോന്ന്?" എന്നു ചോദിച്ചു കൊണ്ട് ഞാന്‍ എണീറ്റിരുന്നു.
"വക്കരിമഷ്ട ! ഒരു ബ്ലൊഗ്ഗെറുടെ പേരാ. എന്തൊരു എഴുത്താണെന്നു നോക്ക്."അവന്‍ നിര്‍ബന്ധിച്ചു.
"വായിക്കാനൊന്നും വയ്യ. നീ വയിച്ചാല്‍ കേള്‍ക്കാം."
മനസ്സില്ലാ മനസ്സോടെ അടുക്കളയില്‍ പോയി ഒരു ചായ ഉണ്ടാക്കിവന്ന് കസേരയില്‍ അലസമായിരുന്ന് കേള്‍ക്കാന്‍ തുടങ്ങി.
വക്കാരിയുടെ " ഉദയ സൂര്യന്റെ നാട്ടില്‍."

അങ്ങനെ അന്ന് ബഷീറും വക്കാരിയും കഴിഞ്ഞാല്‍ ഏറ്റവും നന്നായി എഴുതുന്നയാള്‍ ചിരിച്ചു ചിരിച്ച് സുഖമായി ഉറങ്ങി. രാവിലെ നാലു മണിക്ക്.

എന്തായാലും അന്നുതൊട്ട് അവന്‍ ബ്ലൊഗ് വായിക്കുകയും ഞാന്‍ കേള്‍ക്കുകയും ഒരു പതിവായി.

സെപ്റ്റബര്‍ മാസം ഒരു വെള്ളിഴായ്ച്ച രാത്രി.
പിറ്റേന്ന് അലാറം വെച്ചെഴുന്നേക്കണ്ടാലോ എന്നു സമാധാനിച്ച് അന്നത്തെ ബ്ലൊഗ് ശ്രവണവും കഞ്ഞി കുടിയും കഴിഞ്ഞ് മൂടിപ്പുതച്ച് ഉറങ്ങുകയായിരുന്നു.
അട്ടഹാസം കേട്ടിട്ടാണു ഞെട്ടിയുണര്‍ന്നത്.
"എന്താടാ വക്കാരി പുതിയതു വല്ലൊം ഇറക്കിയോ?"
"ഇതു വേറൊരു പുലിയാടാ. വേണേ വന്നു നോക്ക്."

വേണമല്ലോ.

വിശാലമനസ്കനായിരുന്നു താരം.
ബ്ലൊഗ് "കൊടകര പുരാണം."

പിന്നതാ വരുന്നു വാക്കിങ് എന്‍സൈക്ലോപീഡിയാ ദേവരാഗമെന്ന ദേവേട്ടന്‍....
അങ്ങനെ ദിവസങ്ങള്‍ പോവുന്തോറും ബഷീറിനും എനിക്കുമിടയിലുള്ള പട്ടിക നീണ്ടു നീണ്ട് വരാന്‍ തുടങ്ങി.

എന്നാലും സ്വന്തമായി ബ്ലൊഗ് ചെയ്യണം എന്നൊരു തൊന്നല്‍ എനിക്കുണ്ടായതേയില്ല. രണ്ടു പേരും കൂടിയിരുന്നു ബ്ലൊഗ് വായിക്കും . അവന്‍ കമന്റിടും.അവന്‍ ഇടക്കിടെ ബ്ലൊഗ് പൊസ്റ്റ് ചെയ്യും.അതിന്നുള്ള കമന്‍സ് ഒരുമിച്ചു വായിക്കും.

അങ്ങനേ ഇരിക്കുമ്പോള്‍ അവന്‍ ചോദിക്കും
"ഇതിനെന്തു മറുപടിയാടാ കൊടുക്കേണ്ടത്?"
"എന്താടാ പ്രശ്നം?"
"എഴുതി വെച്ചിരിക്കുന്നതു കണ്ടില്ലേ?"
"ക്യാ ബാത്ത് ഹേ? വാട്ട് സ് ദ പ്രോബ്ലം?"

അന്നേരം മുതല്‍ ഒരു നീണ്ട ചര്‍ച്ച തുടങ്ങുകയായി.അവസാനം കിട്ടുന്ന ഉത്തരവും അവന്റെ ഭാഷയും ചേര്‍ത്ത് അവന്‍ തല്ലു കൂടുകയായി.

അങ്ങനെ പണികഴിഞ്ഞു വന്നാല്‍ ബ്ലൊഗ് വായിക്കുക പതിവായി.
നല്ല നല്ല കഥകള്‍, കവിതകള്‍, ലേഖനങ്ങള്‍‍, യാത്രാ വിവരണങ്ങള്‍, ശാസ്ത്ര ലേഖനങ്ങള്‍ എന്നു വേണ്ടാ എല്ലാം.

അങ്ങനെ സ്വസ്ഥമായി ജീവിച്ചു വരുമ്പോഴാണു ഒരു സുപ്രഭാതത്തില്‍ അതു സംഭവിക്കുന്നത്.

എന്ത്?

എനിക്കും ബ്ലൊഗ് ചെയ്യണമെന്നുള്ള മോഹം !

"ഈ ബ്ലൊഗ്ഗിങ്ങ് ഇനി വരുന്ന കാലത്ത് ഒരു റെവലൂഷന്‍ തന്നെ ഉണ്ടാക്കും. ഇതു നാളത്തെ ലോകത്തിന്റെ മാധ്യമമാണ്. ആര്‍ക്കും സ്വന്തമായി പത്രം തുടങ്ങാം. ആരോടും ഉടന്‍ തന്നെ അഭിപ്രായം പറയം. സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്താം. ഇതൊരു വന്‍ സംഭവമാണ്."
അംബിയുടെ ഇങ്ങനെയുള്ള പ്രസ്താവനകളൊന്നും എന്റെ മനസ്സില്‍ യാതൊരു ചലനവും ഉണ്ടാക്കിയില്ല.

പക്ഷേ കുറച്ചു ദിവസങ്ങളായി എന്തോ എനിക്കൊരു അസ്വസ്ഥത. അവന് ആരൊക്കെയോ ഇ മെയില്‍ അയക്കുന്നു, ചാറ്റ് ചെയ്യുന്നു. ഒരുപാടു പുതിയ സുഹ്രുത്തുക്കള്‍, പരിചയക്കാര്‍, ചേട്ടന്മാര്‍, ചേച്ചിമാര്‍.

അതിലൂടെ പോകുമ്പോള്‍ ആരോടാടാ കത്തി എന്നു ചൊദിച്ചാല്‍ ഒരു ബ്ലൊഗ്ഗെറാണെന്നു മാത്രമായിരിക്കും ഉത്തരം. .

ഓ നമ്മളാരുമല്ലല്ലോ.

ഒന്നു വിളിച്ചാല്‍ ലോകത്തിന്റെ ഏതു കോണിലും ഒരു മലയാളിയെങ്കിലും വിളി കേള്‍ക്കും.

ഇനി നിങ്ങളെല്ലാവരും കുടി ഒരു സമ്മേളനം നടത്തുന്നൂ എന്നു കരുതുക. ഇവന്റെ കൂട്ടുകാരനായതുകൊണ്ടു ഞാനും അവിടെ വന്നു എന്നിരിക്കട്ടെ.
"താങ്കളുടെ ബ്ലൊഗ്ഗിന്റെ പേരെന്താ" എന്നാരെങ്കിലും ചോദിച്ചാല്‍ ഞാനെന്തു പറയും?പൂച്ചെക്കെന്താ പൊന്നുരുക്കുന്നടുത്തു കാര്യം എന്നു നിങ്ങള്‍ വിചാരിക്കില്ലേ? എവന്‍ ഏതു യുഗത്തിലാണ് ജീവിക്കുന്നതെന്നു പറയില്ലേ?

അതൊക്കെ പോട്ടെന്നു വക്കാം. മഹാത്മാഗാഡിക്കു ബ്ലൊഗ്ഗുണ്ടായിരുന്നോ?

ഇനി അംബി പറഞ്ഞപോലെ ഈ ബ്ലൊഗ്ഗിങ് എങ്ങാനും ഒരു വന്‍ സംഭവമായി എന്നു കരുതുക.വലിയ സമൂഹ്യ പരിഷ്കരണങ്ങളും ഇതുവഴി സംഭവിച്ചു എന്നിരിക്കട്ടെ. എന്തായിരിക്കും സ്ഥിതി?സര്‍ക്കാരു വല്ലോം തീരുമാനിച്ചു ബ്ലൊഗ്ഗിലെ പ്രമുഖര്‍ക്കു വല്ല അവാര്‍ഡോ സ്ഥാനമാനങ്ങളോകൊടുത്താലോ?

ബ്ലൊഗ്ഗു ചെയ്തുകൊണ്ടിരുന്ന അംബിക്കു ഊര്‍ജ്ജവും പ്രോത്സാഹനവും കൊടുക്കാന്‍ ഞാന്‍ ചായയും കഞ്ഞിയും മറ്റും വച്ചു കൊടുത്തത് ഈ സര്‍ക്കാരു കാണുമോ?
സ്വാതന്ത്ര്യ സമര പെന്‍ഷന്‍ കിട്ടാന്‍ നിങ്ങള്‍ ജയിലില്‍ കിടന്നതിനു വല്ല തെളിവുമുണ്ടോ എന്നു പണ്ട് ആരൊ ആരോടോ ചോദിച്ച പോലാകില്ലേ?
കുടുംബ ചരിത്രം പരിശോധിക്കുമ്പോള്‍ എന്റെ കൊച്ചുമക്കള്‍ എന്തു വിചാരിക്കും? അപ്പൂപ്പന്‍ അന്നു മാങ്ങാ പറിക്കാന്‍ പോയിരുന്നോ എന്നു ചോദിക്കില്ലേ?

അതും പോകട്ടെ. ഇനി ഈ ബ്ലൊഗ്ഗിലെഴുതി വിടുന്നതിനു ഈ അംബിക്കു തന്നെ വല്ല ബുക്കര്‍ പ്രൈസോ , അല്ലാ സാക്ഷാല്‍ നോബല്‍ സമ്മാനമോ തന്നെ കിട്ടിയാലോ?പേരും പ്രശസ്തിയും പോട്ടേ എന്നു വക്കാം. കിട്ടുന്ന കാശിന്റെ പകുതീടെ പകുതിയെങ്കിലും ഇവനെനിക്കു തരുമെന്ന് ആര്‍ക്കെങ്കിലും തോന്നുന്നുണ്ടോ?

ഈ ചിന്തകളെല്ലാം ഏതു നേരത്ത് എന്തിനു വന്നു തലമണ്ടേ കേറീന്നറിയില്ല.
എന്തായാലും അന്നുമുതലെനിക്കു ശരിക്കുറക്കവുമില്ല സമാധാനവുമില്ല.

അതുകൊണ്ടു ഞാനും ബ്ലൊഗ്ഗു ചെയ്യാന്‍ തീരുമാനിച്ചു.

വെറുതേ. ഒരു മനസ്സമാധാനത്തിന് !